NRI
ഡാളസ്: സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ സണ്ണി വെയ്ൽ വെസ്റ്റ് വാർഡ് (സെന്റ് തെരേസ/ലിറ്റിൽ ഫ്ലവർ) അംഗം പോൾ തോമസ് ഇടാട്ടുകാരൻ അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഭാര്യ: ലിൻസി തോമസ്. മക്കൾ: ജോയൽ തോമസ്, ജിയ തോമസ്. സംസ്കാര ശുശ്രൂഷകൾ ഡാളസിലെ സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ നടത്തുന്നതാണ്. സംസ്കാര സമയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.
പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും വികാരി റവ.ഫാ. സിബി സെബാസ്റ്റ്യൻ, പാരിഷ് കൗൺസിൽ സെക്രട്ടറി സുജ കൈനിക്കര എന്നിവർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്: ചർച്ച് ഓഫീസ് - 9722401100, വികാരി - 3462700262.
Kerala
കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. കൊല്ലം സ്വദേശിയായ അദ്ദേഹം 2005 മുതൽ 2014വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു.
വിരമിച്ചശേഷം സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശിപാർശ ചെയ്തത്.
ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ, നുവാൽസ് വൈസ് ചാൻസലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
നീണ്ടൂർ: കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ (55) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി.
മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥി നിഫ്റ്റ് ചെന്നൈ).
National
ന്യൂഡൽഹി: നടനും ഗായകനും റിയാലിറ്റി ഷോ ജേതാവുമായ പ്രശാന്ത് തമാംഗ് (43) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ ഡൽഹി ജനക്പുരിയിലെ വസതിയിലായിരുന്നു അന്ത്യം. 2007ലെ ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോ ജേതാവാണ് തമാംഗ്. 2010ൽ പുറത്തിറങ്ങിയ ‘ധന്യവാദ്’ ആണ് ആദ്യ ആൽബം. 2010ൽ ഗൂർഖ പാൽട്ടൺ എന്ന നേപ്പാളി സിനിമയിലൂടെയാണ് തമാംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഏപ്രിൽ 17നു റിലീസ് ചെയ്യാനിരിക്കുന്ന സൽമാൻ ഖാൻ ചലച്ചിത്രം ബാറ്റിൽ ഓഫ് ഗൽവാനിൽ പ്രശാന്ത് തമാംഗ് അഭിനയിച്ചിട്ടുണ്ട്.
1983 ജനുവരി നാലിന് ഡാർജിലിംഗിലെ ഗൂർഖ കുടുംബത്തിലാണ് തമാംഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ബംഗാൾ പോലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർവീസിലിരിക്കേ പിതാവ് മരിച്ചതിനെത്തുടർന്ന് പ്രശാന്ത് തമാംഗിനു പോലീസിൽ ജോലി ലഭിച്ചു.
സുഹൃത്തുക്കളുടെ പ്രേരണയാലാണ് തമാംഗ് ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. തമാംഗിന്റെ വിജയത്തിൽ ഡാർജിലിംഗ് കുന്നുകളിലും സിക്കിമിലും നേപ്പാളിലും വലിയ ആഘോഷം നടന്നു.
Kerala
കോട്ടയം: സിഎംഐ സന്യാസസമൂഹം കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാംഗമായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ സിഎംഐ (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുമ്മറ്റം (പുതുപ്പള്ളി) സെന്റ് ആന്റണീസ് പള്ളിയിൽ.
ചെറുവാണ്ടൂർ കൊച്ചുപുരയ്ക്കൽ പരേതരായ ഫിലിപ്പ്-മേരി ദന്പതികളുടെ മകനാണ്. അന്നമ്മ സെബാസ്റ്റ്യൻ മണിയൻചിറ, പരേതരായ ജോസഫ് മങ്ങാട്ട്, ഫാ. ചെറിയാൻ കൊച്ചുപുരയ്ക്കൽ സിഎംഐ, വർഗീസ്, സിസ്റ്റർ ഫിലിപ്പ, ജോയി ചെറുവാണ്ടൂർ എന്നിവർ സഹോദരങ്ങളാണ്.
ദീപിക സൺഡേ സപ്ലിമെന്റ് എഡിറ്റർ, പരസ്യവിഭാഗം മാനേജർ, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഫാ. സെബാസ്റ്റ്യൻ അമേരിക്കയിൽ ദീർഘകാലം അജപാലനശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
സിഎംഐ സമൂഹത്തിന്റെ അമേരിക്ക-കാനഡ മിഷന്റെ ജനറൽ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
Kerala
കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2011 മുതൽ 2016വരെയാണ് ധര്മടം എംഎൽഎയായി പ്രവര്ത്തിച്ചത്. തുടർന്ന് 2016ൽ പിണറായി വിജയന് വേണ്ടി മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കണ്ണൂര് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്ത്തിച്ചിട്ടുണ്ട്.
29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.കെ. നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. എകെജി ആശുപത്രിയുടെ പ്രസിഡന്റ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Movies
കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
Kerala
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.
ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസൻ പൊന്നാക്കിമാറ്റിയിരിക്കുന്നത്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്).
Kerala
മാഹി: പ്രമുഖ ചെറുകഥാകൃത്തും നാടക രചയിതാവും നോവലിസ്റ്റും സാഹിത്യകാരൻ എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനുമായ എം. രാഘവൻ (95 ) അന്തരിച്ചു. ഇന്നലെ പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്ത് വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ നടന്നു.
ഡൽഹിയിലെ ഫ്രഞ്ച് എംബസിയിലെ സാംസ്കാരിക വകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റെയും കൊറമ്പാത്തിയമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). മറ്റു സഹോദരങ്ങൾ: ശിവദാസ് (റിട്ട. ചീഫ് എൻജിനിയർ ഭക്രാനംഗൽ), എം. വിജയലക്ഷ്മി (ധർമടം), പരേതരായ ബാലൻ (എൻജിനിയർ), കഥാകൃത്ത് എം. ശ്രീജയൻ (പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).
മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായ രാഘവൻ മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും ജോലി ചെയ്തു. 1983-ൽ എംബസിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽനിന്നു വിരമിച്ചു. പിന്നീട് മയ്യഴിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. നനവ്, വധു, സെപ്റ്റംബർ അകലയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങൾ), നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ(നോവലുകൾ), കർക്കിടകം, ചതുരംഗം (നാടകങ്ങൾ), ദോറയുടെ കഥ എന്നിവ പ്രധാനകൃതികളാണ്.
ഡോ. മഹേഷ് മംഗലാട്ട് എഡിറ്റ് ചെയ്ത എം. രാഘവന്റെ സമ്പൂർണ കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായിരുന്ന എം. രാഘവൻ മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
എസ്.കെ. പൊറ്റെക്കാട്, എം.വി. ദേവൻ, ടി. പത്മനാഭൻ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, കാക്കനാടൻ, ഒ.വി. വിജയൻ, എം.ജി.എസ്. നാരായണൻ, നടൻ ഇന്നസെന്റ് തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു.
ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽനിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.
2008ലെ നോവലിനുള്ള അബുദാബി ശക്തി അവാർഡ് ‘ചിതറിയ ചിത്രങ്ങൾ’ക്ക് ലഭിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പ്രശസ്ത ബംഗാളി നടൻ കല്യാൺ ചാറ്റർജി (81) അന്തരിച്ചു. ടൈഫോയ്ഡ് ബാധിച്ച് കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാനൂറിലേറെ ചലച്ചിത്രങ്ങളിൽ ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. 1968ലാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
സത്യജിത് റേയുടെ പ്രതിദ്വന്ദിയിലും സുജോയ് ഘോഷിന്റെ ഹിന്ദി സിനിമ കഹാനിയിലും ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. സൗമിത്ര ചാറ്റർജി, സാബിത്രി ചട്ടോപാധ്യായ, ദീപാങ്കർ ഡേ എന്നിവരുടെ സമകാലികനായിരുന്നു കല്യാൺ ചാറ്റർജി.